ബാഴ്‌സലോണയിലെ ആദ്യ സന്ദർശനം എവിടെ ആവണമെന്നുള്ളതിനു ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. - ല സാഗ്രഡ ഫാമിലിയ. ഒരുപാടു ടൂറിസ്റ്റുകൾ വന്നു പോകുന്ന പ്രശസ്തമായ ഒരു ചർച്ച് എന്നതിൽ കവിഞ്ഞു മറ്റൊരു ഐഡിയയും എനിക്കുണ്ടായിരുന്നില്ല.
രാവിലെ ഏകദേശം ഒരു 11 മണിയോടെ ഞാൻ സാഗ്രഡ ഫാമിലിയ മെട്രോ സ്റ്റേറ്റിനിലിറങ്ങി. സ്റ്റേഷന്റെ തൊട്ടടുത്തു തന്നെയാണീ ചർച്ച് . ഉയർന്ന ഗോപുരങ്ങളുള്ള പഴക്കം തോന്നിക്കുന്ന ഒരു ചർച്ച്. അതിനടുത്തായി കുറച്ചു ക്രൈനുകളും ഉണ്ട്.
ആദ്യം പള്ളിയിലെന്തോ മോഡിഫിക്കേഷൻ നടന്നു കൊണ്ടിരിക്കുകയാണെന്ന് വിചാരിച്ചതു. പിന്നീടാണ് മനസ്സിലായത് പള്ളിയുടെ നിർമാണം ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നുള്ളത്. ചില ഗോപുരങ്ങളുടെ മുകൾ ഭാഗങ്ങൾ വല പോലെ എന്തോ ഒന്ന് കൊണ്ട് മറച്ചിട്ടുണ്ട്. നാടുവിലത്തെ ഗോപുരത്തിന്റെ പണി ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. മറ്റു ഗോപുരങ്ങൾ അപേക്ഷിച്ചു നാടുവിലത്തെ ഗോപുരത്തിന്റെ വ്യാസം കുറച്ചു കൂടുതലാണ്. മിക്കവാറും മറ്റു ഗോപുരങ്ങളേ അപേക്ഷിച്ചു നല്ല ഉയരത്തിലുള്ള ഒരു ഗോപുരമായി നിർമ്മിക്കുകയാവും.
ഞാനിപ്പോൾ നിൽക്കുന്നത് പള്ളിയുടെ വലതു ഭാഗത്താണ്. പള്ളിയുടെ മുൻഭാഗത്തേക്ക് നടക്കാൻ തുടങ്ങി.
പള്ളിയുടെ മുൻപിലായി കുറച്ചു സൗണ്ട് ബോക്സും ലൈറ്റുകളുമായി ചെറിയൊരു ഓപ്പൺ സ്റ്റേജ് ഒരുക്കിവെച്ചിരുന്നു. എന്തെങ്കിലും പരിപാടി അവിടെ പ്ലാൻ ചെയ്തിട്ടുണ്ടോ എന്തോ?
ഞാൻ ചർച്ചിന്റെ മുൻപിലെത്തി . ചർച്ചിന്റെ പ്രവേശന കവാടത്തിൽ സെക്യൂരിറ്റി ഗാർഡുകൾ നില്കുക്കുന്നുണ്ട്. അതിനടുത്തായി ഒരു ടിക്കറ്റ് കൗണ്ടറുമുണ്ട്. ആളുകൾ പള്ളിയിലേക്ക് പ്രവേശിക്കാനായി ക്യൂ നിൽക്കുന്നുണ്ട്. പള്ളിയുടെ തൊട്ടു മുൻപിലായി ഒരു ചെറിയ ജലാശയവും അതിനു ചുറ്റുമായി അല്പം മരങ്ങളും കണ്ടു. പലതരത്തിലുള്ള മരങ്ങൾ അവിടെ കണ്ടു. നമ്മുടെ നാട്ടിലെ പനയെ പോലെ തോന്നിപ്പിക്കുന്ന തടിയും ഇലകളുമുള്ള ചെറിയൊരു വൃക്ഷം. പനയുടെ വല്ല വകഭേദവും ആയിരിക്കും.
ജലാശയത്തിന്റെ മറുപുറത്തു ആളുകൾ നിൽക്കുന്നുണ്ട്. അവിടെ നിന്നും ചർച്ചിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുകയാണവർ.
അപ്പോഴാണ് തൊട്ടടുത്തായി കുറച്ചു കച്ചവടക്കാരെ കണ്ടത്. ബാര്സിലോണയുടെയും സാഗ്രഡ ഫാമിലിയയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ഫ്രിഡ്ജ് മാഗ്നെറ്റുകൾ, കീ ചെയിനുകൾ , സ്ത്രീകൾക്കുള്ള കുറച്ചു ഫാൻസി ഐറ്റംസ്; അവയെ ഒന്ന് കണ്ണോടിച്ചു.
ഇനി ചർച്ചിന്റെ ഉള്ളിലെ കാഴ്ചകൾ കാണാമെന്നു കരുതി. ഓൺലൈൻ ആയും ടിക്കറ്റ്റെടുക്കാം. അടുത്ത അവൈലബിൾ സ്ലോട്ട് നോക്കി.
ഭാഗ്യം! ഒരു 15 മിനുട്ടിൽ പുതിയ സ്ലോട്ട്. അത് ബുക്ക് ചെയ്തു ക്യൂവിലേക്കു നടന്നു. ക്യൂവിൽ അധികം ആളുകൾ ഇല്ല. ചർച്ചിനു മുൻപിലായി ചിലർ മൊബൈലിൽ വീഡിയോ പകർത്തുകയും സംസാരിക്കുകയും ചെയ്യുണ്ട്. കണ്ടിട്ട് അവർ ലൈവ് വീഡിയോ വ്‌ളോഗ് ചെയ്യുന്ന പോലുണ്ട്.
അപ്പോഴാണ് കൊട്ടും പാട്ടുമായി ഒരു ജാഥ വരുന്നത് കണ്ടത്. ജാഥക്ക് ഇടയിലായി പാവകളെ പോലെ വലിയ വലിയ രൂപങ്ങൾ.അവ പള്ളിക്കു മുൻപിലായി ഒരുക്കപെട്ട സ്റ്റേജിലേക്കാണ് വന്നു കൊണ്ടിരിക്കുന്നത്. ഒരു രാജകീയ യാത്രയെ അനുസ്മരിപ്പിക്കുമാറാണാ ജാഥ.രൂപങ്ങൾ ബാന്റു വാദ്യങ്ങളുടെ താളങ്ങൾക്കനുസരിച്ചു കറങ്ങി കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിലെ ഉത്സവങ്ങളുടെ ചെറിയൊരു പ്രതീതിയാണെന്നിലുളവാക്കിയത്. ക്യൂവിൽ നിന്നും ചർച്ചിനുള്ളിലേക്കു കടക്കാൻ സമയമായി. ഗേറ്റ് കടന്നു മുകളിലേക്ക് നടന്നു. മുകളിൽ ആളുകൾ താഴെയുള്ള പരിപാടി വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ഞാനാ മതിലിനു ഓർത്തു ചെന്നു. ഇപ്പൊ എല്ലാ രൂപങ്ങളും ഒരു വൃത്താകൃതിയിൽ മുഖത്തോടു മുഖം നോക്കി നിൽക്കുന്നു. പണ്ട് കാലത്തേ ജീവിത രീതിയെ അനുസ്മരിപ്പിക്കുമാറുള്ളതാണ് രൂപങ്ങൾ. ഗ്രാമീണർ, പ്രഭുക്കന്മാർ, രാജാവും പരിവാരങ്ങളും, വൈദികർ പിന്നെ മാലാഖമാരുടെ പോലോത്ത രൂപങ്ങൾ. എല്ലാം പൊയ്കാൽ രൂപങ്ങളെ പോലെ തോന്നിപ്പിച്ചു. പർപ്പിളും നീലയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച ആളുകൾ ഈ രൂപങ്ങൾക്കടുത്തായുണ്ട്. അവരാണ് രൂപങ്ങളുടെ അടുത്ത് വരുന്ന ആളുകളെ നിയന്ത്രിക്കുന്നത്. ആളുകളെല്ലാം ഫോണിലും ക്യാമെറയിലുമായി ആ നിമിഷങ്ങൾ ഒപ്പിയെടുക്കുന്നു. ഇന്ന് മറ്റു പല സ്ഥലങ്ങളും പോവാനുള്ളത് കൊണ്ട് നേരെ പള്ളിയുടെ ഉള്ളിലേക്ക് കടക്കാൻ തീരുമാനിച്ചു.
ചർച്ചിൽ കയറുന്നതിനു മുൻപ് ഒന്ന് കൂടി പള്ളിയെ നോക്കി. ഒരു പാട് രൂപങ്ങൾ പള്ളിയുടെ പുറം ചുമരിൽ കൊത്തി വെച്ചിട്ടുണ്ട്. ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണീ ശില്പങ്ങൾ എന്ന് തോന്നുന്നു.നമ്മൾ ഒരു വൈദികന്റെ കൂടെ ഇവിടെ വന്നാൽ ചിലപ്പോൾ ഓരോ രൂപങ്ങളും അതിന്റെ സന്ദര്ഭങ്ങളും നമുക്ക് വിവരിക്കപ്പെട്ടേനെ.
ഞാൻ മെല്ലെ പള്ളിയുടെ ഉള്ളിലേക്ക് നടന്നു.
സുന്ദരം... മഹാത്ഭുതം!
ഞാനിപ്പോ നടന്നു കയറിയത് ഒരു വർണ പ്രപഞ്ചത്തിലേക്കാണ്. നിറച്ചാർത്തെഴുതിയ സ്ഫടിക ജാലങ്ങളിലൂടെ വരുന്ന പ്രകാശം. അത് നമ്മിലുണ്ടാക്കുന്ന മായിക പ്രപഞ്ചം. ഈ ചർച്ചിന്റെ ഉള്ളിൽ കയറിയാൽ നമ്മുടെ ദൃഷ്ടികൾ പോകുന്നത് നേരെ മുകളിലായിരിക്കും; പ്രതേകിച്ചു ചില്ലു ജാലകങ്ങളിലേക്കു.
നീലയും പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും നിറങ്ങളിലുള്ള പ്രകാശം കൊണ്ട് പള്ളിയുടെ ഉൾഭാഗം കൂടുതൽ സുന്ദരമായി തോന്നുന്നു.
ഹാ... എന്തൊരു ആനന്ദമാണ് ഈ കാഴ്ച ഇങ്ങനെ നോക്കിയിരിക്കാൻ!
ഞാൻ ചർച്ചിന്റെ ഒത്ത നടുക്കെത്തി. അപ്പോഴാണ് നിറങ്ങളുടെ വൈവിധ്യം ശെരിക്കും പ്രകടമായത്. എന്റെ വലതു ഭാഗം കിഴക്കും ഇടതുഭാഗം പടിഞ്ഞാറുമാണ്. വലതു ഭാഗത്തെ ചില്ലു ജാലങ്ങളെല്ലാം പച്ചയും നീലയും നിറങ്ങൾ അണിഞ്ഞിരിക്കുന്നു. ഇടതു ഭാഗത്തു മഞ്ഞയും ഓറഞ്ചും ചുവപ്പും നിറങ്ങളിലുള്ള ജാലങ്ങൾ.
ഒരുഭാഗത്തു തണുത്ത നിറങ്ങളും മറു ഭാഗത്തു ഉഷ്ണ നിറങ്ങളും.
സുര്യോദയത്തിൽ കിഴക്കു ഭാഗത്തുള്ള തണുത്ത നിറങ്ങൾ കൂടുതൽ പ്രകാശിക്കും . പിന്നെ പതിയെ പതിയെ, സൂര്യന്റെ ചലനത്തിനനുസരിച്ചു ഉഷ്ണ നിറങ്ങൾ ആ ഹാളിനെ മിഴിവേകാൻ തുടങ്ങും.
ചർച്ചിനുള്ളിൽ ഒരുപാടു തൂണുകളുണ്ട്. ഞാൻ മെല്ലെ സീലിങ്ങിലേക്കു നോക്കി. തൂണുകൾ നല്ല ഉയരത്തിൽ തന്നെയാണ്. അവ പിന്നെ പല ശാഖകളായി പിരിഞ്ഞു പോകുന്നു. പിന്നീടവ ഇലകളുടെയോ പൂക്കളുടെയോ ആകൃതി സ്വീകരിക്കുന്നു.
നമ്മൾ മരങ്ങൾ നിറഞ്ഞ ഒരു സ്ഥലത്തു നിൽക്കുന്ന ഒരു പ്രതീതിയാണുളവാകുന്നത്. ഓരോ തൂണും ഓരോ മരങ്ങളും പിന്നെ അതിന്റെ ശിഖരങ്ങളും ഇലകളും പൂക്കളും പിന്നെ അതിന്റെ വശങ്ങളിൽ കൂടി വരുന്ന വർണാഭമായ പ്രകാശവുമായി ആ ദേവാലയത്തിന്റെ മാറ്റു പതിന്മടങ്ങു കൂട്ടുന്നു. തികച്ചും പ്രകൃതിയോടിങ്ങി ചേർന്ന ഒരു രൂപ കല്പന.
ആളുകളെല്ലാം പള്ളിയുടെ സൗന്ദര്യത്തിൽ ലയിച്ചു മന്ദം മന്ദം നീങ്ങി കൊണ്ടിരിക്കുന്നു. അപ്പോഴാണ് പള്ളിയുടെ ഒരു ഭാഗത്തു ആളുകൾ കൂടിയിരിക്കുന്നത് കണ്ടത്. ഞങ്ങോട്ടു നടന്നു. കറുത്ത നിറമുള്ള ഒരു ഫലകം ആയിരുന്നു അവിടെ. അതിൽ പല ഭാഷകളിൽ വാചകങ്ങൾ കൊത്തി വെച്ചപോലെ.
ഇംഗ്ലീഷും അറബിയും ചൈനീസും മാത്രമാണെനിക്ക് മനസ്സിലായത്. അവ കൂടാതെ മറ്റു പല ഭാഷകളും. പ്രാർത്ഥന വാചകങ്ങൾ പോലെയാണെനിക്ക് തോന്നിയത്.
അവിടെ നിന്നും അൾത്താരയുടെ ഭാഗത്തേക്ക് നടന്നു. അൾത്താരക്ക് മുൻപിലായി കുറച്ചു ഇരിപ്പിടങ്ങൾ. അവിടെ ആളുകളിരുന്നു പ്രാർത്ഥിക്കുന്നു. ഞാൻ ദൂരെ നിന്നും അൾത്താര വീക്ഷിച്ചു. മുന്തിരി വള്ളികൾ നിറഞ്ഞ ഒരു കുട. അതിൽ മഞ്ഞ നിറത്തിലുള്ള ബൾബുകൾ പ്രകാശം ചൊരിഞ്ഞു നിൽക്കുന്നു. ആ കുടയുടെ നടുവിലായി ക്രൂശിക്കപ്പെട്ട ജീസസ് ക്രൈസ്റ്റിന്റെ രൂപം സസ്‌പെൻഡ് ചെയ്തു നിൽക്കുന്നുണ്ട്. കുടയുടെ വശങ്ങളിൽ ചില വാചകങ്ങൾ കാണുന്നുണ്ട്. പക്ഷെ ഭാഷയെതെന്ന് സ്പഷ്ടമല്ല.
സമയം വൈകുന്നുണ്ട്. പക്ഷെ ഈ കാഴ്ച്ചകൾ പെട്ടന്നവസാനിപ്പിച്ചു പോവാനും തോന്നുന്നില്ല. അർഥം മനസ്സിലാവാത്ത പല ജാമിതീയ രൂപങ്ങളും ആ സീലിംഗിലുണ്ട്. അപ്പോഴാണ് മുകളിക്കു പോകുന്ന ഒരു സ്റ്റെയർകേസ് കണ്ടത്. സ്പൈറൽ ആകൃതിയിൽ അത് വട്ടം ചുറ്റി പോവുന്നുണ്ട്.
ഇനി മുന്നോട്ടു നീങ്ങണം. ഇത് കഴിഞ്ഞു ഭക്ഷണം കഴിച്ചു വേണം അടുത്ത സ്ഥലത്തേക്ക് പോവാൻ. ഞാൻ മറുഭാഗത്തേക്കു കടന്നു. അവിടെയാണ് എക്സിറ്റ്. അപ്പോഴാണ് വലതു ഭാഗത്തു ഒരു മുറി ശ്രദ്ധിച്ചത്. ഒന്ന് അവിടെ ചെന്ന് നോക്കിയിട്ടു വരം എന്ന് കരുതി. ചെറിയൊരു മ്യൂസിയമാണത്. അവിടെ ഒന്ന് ചുറ്റിക്കറങ്ങി. മ്യൂസിയത്തിലെ ചില്ലു ജാലങ്ങൾ അല്പം വ്യത്യസ്തമായി തോന്നി. വൃത്താകൃതിയിലുള്ള ചില്ലു ജാലങ്ങൾ. അവയെ ത്രികോണ രൂപത്തിൽ അറേഞ്ച് ചെയ്തിരിക്കുന്നു. അവിടെ നിന്നും ചർച്ചിന്റെ എക്സിറ്റിലേക്കു നടന്നു.
എക്സിറ്റിന്റെ പുറം ചുമരിലും കൊത്തു പണികൾ. അവയെല്ലാം വീക്ഷിച്ചു നടന്നു.
ഞാനിപ്പോ തിരിച്ചിറങ്ങുന്നതു കഴിഞ്ഞ 139 വര്ഷങ്ങളായി നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു ബസിലിക്കയിൽ നിന്നുമാണ്. 1882ൽ ഫ്രാൻസിസ്കോ ഡി പൗല ഡെൽ വില്ലാർ എന്ന ആർക്കിടെക്ടിന്റെ കീഴിലാണ് ഈ ചർച്ചിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ഒരു വർഷത്തിന് ശേഷം അദ്ദേഹം അതിൽ നിന്ന് പിൻവാങ്ങുകയും ഈ പ്രോജക്ടിന്റെ ആർക്കിറ്റെക്ടായി അന്റോണി ഗൗദി ചുമതലയേൽക്കുകയും ചെയ്തു.
അന്റോണി ഗൗദി - നിങ്ങൾ ബാഴ്സിലോണയിൽ ചെന്നാൽ കൂടുതൽ നിങ്ങൾ കേൾക്കുന്നതും കാണുന്നതും ഇദ്ദേഹത്തിന്റെ പേരുകളും അദ്ദേഹം ചെയ്ത വർക്കുകളുമാണ്.
അത്രയേറെ പ്രശസ്തനായ ഒരു എഞ്ചിനീയർ ആണദ്ദേഹം. അന്നത്തെ യാഥാസ്ഥിതിക നിർമ്മാണ രീതികളിൽ നിന്നും വ്യത്യസ്‍തമായി നൂതനമായ ഡിസൈൻ രീതികളാണ് അദ്ദേഹം അവലംബിച്ചിരുന്നത്. ഈ പള്ളിയുടെ നിർമ്മാണത്തിന് വേണ്ടി ഉഴിഞ്ഞു വെച്ചിട്ടുള്ളതായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. സാഗ്രഡ ചർച്ചിന്റ് നിർമ്മാണ ഡിസൈനും പ്ലാനും ഒരു നിധി പോലെ അദ്ദേഹം തന്റെ മുറിയിൽ സൂക്ഷിച്ചു വെച്ചിരുന്നു. അദ്ദേഹത്തിന്റെ മരണ സമയത്തു 25% നിർമ്മാണമെ പൂർത്തിയായിരുന്നൊള്ളു. മരണാനന്തരം വര്ഷങ്ങള്ക്കു ശേഷം സ്പെയിനിൽ ആഭ്യന്തര യുദ്ധം നടക്കുകയും അതിന്റെ ഫലമായി ഗൗദിയുടെ ചർച്ചിന്റെ മോഡലും മറ്റു ഡിസൈനുകളും ഉള്ള മുറി ആക്രമിക്കപ്പെടുകയും അവക്കും നാശം സംഭവിക്കുകയും ചെയ്തു. ഇത് ചർച്ചിന്റെ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു. പിന്നെ വര്ഷങ്ങള്ക്കു ശേഷം റിവേഴ്‌സ് എഞ്ചിനീയറിംഗ് ഉപയോഗിച്ച് പൊട്ടിയ മോഡലിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു അദ്ദേഹത്തിന്റെ മോഡലിനെ റീക്രിയേറ്റു ചെയ്തു. അതിന്റെ പണി ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.
ഞാൻ സ്റ്റെപ്പുകളിറങ്ങി എക്സിറ് ഗേറ്റിലേക്ക് നടന്നു. പുറത്തു ബാർസിലോണ നഗരത്തിലൂടെ ടൂറിസ്റ്റുകളെയും വഹിച്ചു യാത്ര ചെയ്യുന്ന ഡബിൾ ഡക്കർ ബസ് നിൽക്കുന്നുണ്ട്. ബാർസിലോണ സിറ്റി ടൂർ ബസാണത്. യൂറോപ്പ്യൻ നഗരങ്ങൾ സന്ദർശിക്കാൻ പോയാൽ നിങ്ങൾ കാണുന്ന ഒരു സ്ഥിര കാഴ്ചയാണ് സിറ്റി ടൂർ ബസുകൾ. അവയ്ക്കു പ്രത്യേകമായി ടിക്കറ്റ് എടുക്കണം. എക്സിറ്റിനു ശേഷം പുറമെ നിന്ന് ഒന്ന് കൂടി ആ ബസിലിക്കയെ നോക്കി. ആയപ്പോഴും അതിന്റെ വശങ്ങളിൽ വലിയ വലിയ ക്രൈനുകൾ ഉണ്ടായിരുന്നു.
ഈ ചർച്ചിന്റ പണി തുടങ്ങിയ സമയത്തു ക്രൈനെന്ന സങ്കല്പമേ ഉണ്ടായിരിക്കില്ല. അപ്പൊ അവിടെ ജോലി ചെയ്തിരുന്ന മനുഷ്യരുടെ ശാരീരികാധ്വാനം എത്രയാവുമെന്നു ഊഹിക്കാൻ വയ്യ. ഒരിക്കൽ കൂടി അതിന്റെ ചീഫ് ആർക്കിടെക്ട് അന്റോണി ഗൗദിയെ മനസാ സ്മരിച്ചു കൊണ്ട് യുനെസ്കോയുടെ ഈ പൈതൃക സ്ഥലത്തുനിന്നും അടുത്തുള്ള റെസ്റ്ററന്റ് തിരിഞ്ഞു ഞാൻ നടപ്പായി.
Comments
Post a Comment