കാറ്റാലന്മാരുടെ നാട്ടിലൂടെ - ഭാഗം 4
ഇനി അടുത്ത യാത്ര പാർക്ക് ഗുൾ എന്ന പാർക്കിലേക്കാണ്. വാൽകാർക്ക സ്റ്റേഷനടുത്തു തന്നെയാണീ പാർക്ക്. സ്റ്റേഷനിൽ നിന്നിറങ്ങി, ഗൂഗിൾ മാപ്പിൽ നോക്കി, ഞാൻ പാർക്കിലേക്ക് നടന്നു.
കുത്തനെ കയറ്റമുള്ള ഒരു റോഡാണ്. റോഡിനിരുവശവും വീടുകളും. ഞാൻ റോഡിനു സൈഡിലുള്ള ഫുട്പാത്തിലൂടെയാണ് നടക്കുന്നത്. നടന്നു കയറുന്നതു വലിയൊരു കുന്നു തന്നെ. വല്ലപ്പോഴും റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. നടന്നു നടന്നു ഒരു സ്ഥലത്തെത്തിയപ്പോൾ റോഡ് രണ്ടായി പിരിയുന്നു. ഒന്ന് നേരെ മുകളിലേക്കും ഒന്ന് വലതു വശത്തേക്കും . വലതു ഭാഗത്തുള്ള റോഡ് ഒരു ഇറക്കമാണ്. അത് നേരെ ഒരു നഗരവീഥിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു.
അതാ... അങ്ങ് ദൂരെ മെഡിറ്ററേനിയൻ കടൽ കാണുന്നുണ്ട്. അപ്പൊ ബാർസിലോണ ബീച്ചും അടുത്ത് തന്നെയാണ്.
ഞാൻ വീണ്ടും മുകളിലേക്ക് കയറി. ആ കുന്നിൻ മുകളിലെത്താറായിരിക്കുന്നു . അപ്പോഴാണ് അകലെയായി വേറൊരു കുന്നും അതിനു മുകളിൽ ഒരു ദേവാലയവും ശ്രദ്ധിച്ചത്. ആ കുന്നിന്റെ പകുതി വരെ വീടുകളും ഫ്ലാറ്റുകളും കാണുന്നുണ്ട്. പിന്നെ മുഴുവൻ മരങ്ങൾ നിറഞ്ഞ ഒരു കാട് തന്നെ. അവിടെ എങ്ങനെ എത്തിച്ചേരുമോ എന്തോ? ഒരു ജയന്റ് വീൽ ആ ചർച്ചിന് മുൻപിൽ കാണുന്നുണ്ട്. വീണ്ടും ഞാൻ നടന്നു പാർക്കിന്റെ ഗേറ്റിലെത്തി. കുറച്ചു സെക്യൂരിറ്റി ഗാർഡുകൾ അവിടെ നിൽപ്പുണ്ട്. ഇവിടെയും പ്രവേശനത്തിനായി ബുക്ക് ചെയ്യണം. വേഗം അടുത്ത സ്ലോട്ട് നോക്കി. സ്ലോട്ടുകളെല്ലാം അര മണിക്കൂർ കഴിഞ്ഞാണ്. ഇനിയിപ്പോ കുന്നിറങ്ങി വീണ്ടും ഇവിടെക്കു തിരിച്ചു വരുമെന്ന് തോന്നുന്നില്ല.
അടുത്ത അവൈലബിൾ സ്ലോട്ട് ബുക്ക് ചെയ്തു. പാർക്കിനു മുൻപിലായി അല്പം മരങ്ങൾ നിറഞ്ഞ ഒരു ചെറിയ ഏരിയ ഉണ്ട്. അവിടെയുള്ള ഒരു കൈ വരിയിൽ ചെന്ന് ഞാനിരുന്നു. കുറച്ചു പേർ എന്റെ മുൻപിലായി ഒരു ബെഞ്ചിലിരിപ്പുണ്ട്. അവരുടേതാണെന്നു തോന്നുന്നു, വെളുത്ത രോമങ്ങളുള്ള ഒരു നായ അവരെ ചുറ്റിപറ്റി കളിക്കുന്നുണ്ട്.
അപ്പോഴാണ് തത്തമ്മയുടെ ശബ്ദം കേട്ടത്.
ങേ? തത്തമ്മ ഇവിടെയുമുണ്ടോ? പക്ഷെ,കാണാൻ പറ്റുന്നില്ല; ശബ്ദം മാത്രമേ കേൾക്കുന്നൊള്ളു.
പക്ഷികളുടെ ശബ്ദവും സുന്ദരമായ കാറ്റും മനസ്സിനെ തണുപ്പിക്കുന്ന കാഴ്ചകളും..!
ആ ഇളം ചൂടിൽ അൽപ സമയം ഞാനവിടെ ചിലവഴിച്ചു.
ബുക്ക് ചെയ്ത സ്ലോട്ടിന്റെ സമയമായി. ഞാൻ ഗേറ്റിലേക്കു നടന്നു. ബുക്കിംഗ് ഡീറ്റെയിൽസ് എല്ലാം കാണിച്ചു പാർക്കിനുള്ളിലേക്കു കടന്നു.
ഒരുപാട് മരങ്ങൾ തിങ്ങിനിറഞ്ഞ ചെറിയൊരു കാടിന്റെ പ്രതീതിയുളവാക്കുന്ന ഒരു പാർക്ക്. മുന്നിൽ കണ്ട മണ്പാതയിലൂടെ ഞാൻ നടന്നു.
നടക്കുന്നതിനിടക്ക് ചെറിയൊരു ഒഴിഞ്ഞ ഭാഗം കണ്ടു. അവിടെ ഫാമിലികൾ കുഞ്ഞുങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ വന്നിരിക്കയാണ്. കുട്ടികൾ ഓടിക്കളിക്കുന്നുണ്ട്.
ഞാൻ നടന്നു. ചുറ്റും പച്ചപ്പ് മാത്രം. കൂടുതലും പൈൻ മരങ്ങളാണ്. പിന്നെ പേരറിയാത്ത ഒരുപാടു മരങ്ങളുമുണ്ട്. ഒരു സ്ഥലത്തെത്തിയപ്പോൾ വഴി രണ്ടായി പോകുന്നു. ഒന്ന് മുകളിക്കും പിന്നെ ഇടതു വശത്തു ഒന്ന് താഴേക്കും പോവുന്നുണ്ട്. ഞാൻ മുകളിലേക്കു നടന്നു.
യൂറോപ്പിലെ തണുപ്പുകാലത്തെ മരങ്ങളും ചെടികളും നമ്മുടെ നാട്ടിലെ വേനല്ക്കാലത്തിനോട് സമാനമാണെന്ന് പറയാം. വേനൽക്കാലത്തു നാട്ടിലെ ഒരു സ്ഥിരം കാഴ്ച്ചയാണല്ലോ ഇല പൊഴിഞ്ഞിരിക്കുന്ന മരങ്ങൾ.
പക്ഷെ, യൂറോപ്പിൽ അതി ശൈത്യം കാരണം മരങ്ങൾ ഇലപൊഴിക്കുന്നതു തണുപ്പുകാലത്താണ്.
സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളാവുമ്പോഴേക്കും ഇലകളുടെ പച്ച കളർ പോയി അവ മഞ്ഞയും ഓറഞ്ചും ചുവപ്പും നിറമുള്ളതാവുന്നു. പിന്നെ പതിയെ പതിയെ ഇലകൾ കൊഴിഞ്ഞു വെറും മരവും ചില്ലകളും മാത്രമാവുന്നു. ഇതിനൊരു അപവാദമായി തോന്നിയിട്ടുള്ളത് ക്രിസ്മസ് ട്രീയാണ്. ഇതൊക്കെ തന്നെയാവും സ്പെയിനിലെയും അവസ്ഥ എന്ന ചിന്തയോടെയാണ് സ്പൈനിലേക്കും ഞാൻ വന്നത്.
പക്ഷെ ബാഴ്സലോണയിൽ എന്നെ എതിരേറ്റത് എങ്ങും പച്ചപ്പ് നിറഞ്ഞ പ്രകൃതിയായിരുന്നു. ഇവിടെ ശൈത്യകാലത്തു മറ്റു സ്ഥലങ്ങളേ അപേക്ഷിച്ചു താപനില വലിയ തോതിൽ കുറയാത്തതാവാം ഇതിനു കാരണം.
നടന്നു നടന്നു ഒരു കുന്നിൻ മുകളിലെത്തി.കുന്നിനു മുകളിലായി കല്ലുകൾ അടുക്കിവെച്ചുകൊണ്ടു ഉയർത്തപ്പെട്ട ഒരു ഭാഗം. അതിനു മുകളിലായി കല്ലിൽ നിന്നും വെട്ടിയെടുത്ത കുരിശു രൂപങ്ങൾ. അവിടേക്കു പ്രവേശനമില്ല. അതിനു താഴെയായി ആളുകൾക്ക് കുന്നിനു മുകളിൽ നിന്നും കാഴ്ചകൾ കാണാനായി ഒരു ഏരിയ ഉണ്ട്. ഞാനിവിടെക്കു നടന്നു. മിക്കവാറും ആളുകളും കൂളിംഗ് ഗ്ലാസ് അണിഞ്ഞു കാഴ്ചകൾ കണ്ടു നിൽക്കുന്നു. അതിനടുത്തായി ഒരാൾ ഗിറ്റാർ വായിക്കുകയും പാടുകയും ചെയ്യുന്നുണ്ട്. ഒരു സ്ട്രീറ്റ് പെർഫോർമർ.
ഞാൻ മുകളിൽ നിന്നും നോക്കി. ഒരു ഭാഗത്തു നീണ്ടു നിവർന്നു കിടക്കുന്ന മെഡിറ്ററേനിയൻ കടൽ. പിന്നെ കര തുടങ്ങുന്ന ഭാഗം മുഴുവൻ ഫ്ലാറ്റുകളും മറ്റു പല ബിൽഡിങ്ങുകളും. ബാർസിലോണ നഗരത്തിന്റെ ഒരു ദൂരക്കാഴ്ച!
ബിൽഡിങ്ങുകൾ പരന്നു കിടക്കുന്നു. അവയുടെ മറുഭാഗത്തു മരങ്ങൾ നിറഞ്ഞ വലിയ വലിയ കുന്നുകൾ. ഒരുപാടൊരുപാട് കുന്നുകൾ... അവ ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നുണ്ട്. ഞാനാ വ്യൂ പോയിന്റ് ഒന്ന് ചുറ്റിക്കറങ്ങി. അതാ... നേരത്തെ കണ്ട ദേവാലയം കുറച്ചും കൂടി വ്യക്തമായി ഇവിടെ നിന്നും കാണുന്നുണ്ട്. നമ്മുടെ നാട്ടിലെ അക്കേഷു മരങ്ങളെ പോലെ തോന്നിപ്പിക്കുന്ന ചില മരങ്ങൾ ഇവിടെയുണ്ട്. മഞ്ഞ ഇതളുകളുള്ള പൂവുകൾ നിറഞ്ഞ ചെടികളിവിടെ ധാരാളമായി കാണാം.
ഞാൻ താഴേക്ക് നടന്നു. നേരത്തെ കണ്ട താഴോട്ട് പോകുന്ന വഴിയിലിറങ്ങി. കുറച്ചു താഴ്ചയാണ്. ഇറങ്ങാനായി കല്പടവുകളുണ്ട്. ഞാൻ കല്പടവുകളിലൂടെ മെല്ലെ ഇറങ്ങി. അതവസാനിച്ചതു ഒരു മണ്പാതയിലാണ്.
ആളുകൾ വഴിയിലൂടെ നടക്കുന്നുണ്ട്. ആ വഴിയില്ലൊടെ ചെന്നെത്തിയത് ഒരു ഗ്രൗണ്ടിലാണെന്നു പറയാം. അവിടെ ഒരുപാടാളുകൾ നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ഗ്രൗണ്ടിലേക്കിറങ്ങാൻ കുറച്ചു സ്റ്റെപ്‌സ് ഉണ്ട്. ഞാനാ ഗ്രൗണ്ടിലിറങ്ങി. അതിന്റെ ഒരറ്റത്താണ് ആളുകൾ തിങ്ങി നിൽക്കുന്നത്. എല്ലാവരും സെൽഫി എടുക്കുന്ന തിരക്കിലാണ്. ഞാനും അങ്ങോട്ട് നടന്നു. അപ്പോഴാണ് ഗ്രൗണ്ടിന്റെ കൈവരികൾ ശ്രദ്ധിച്ചത്. വളരെ വ്യത്യസ്തമായ ഒരു ഡിസൈൻ - ഒരു പാമ്പു വളഞ്ഞു പുളഞ്ഞു പോകുന്നത് പോലെ!
ആ കൈവരികളിൽ ചെറിയ ചില്ലു കഷ്ണങ്ങൾ അടുക്കി വെച്ചപോലെ; അവയിൽ പല നിറത്തിലുള്ള നിറങ്ങൾ വെട്ടിത്തിളങ്ങുന്നു. അകലെയായി മെഡിറ്ററേനിയൻ കടൽ. നല്ലൊരു വ്യൂ പോയന്റാണത്.
ഞാനാ കൈവരികളിനടുത്തെത്തി താഴേക്ക് നോക്കി. താഴെ ആളുകൾ നിൽക്കുന്നുണ്ട്. ഞാനിപ്പോ ഒരു ബിൽഡിങ്ങിനു മുകളിൽ നിന്നും നോക്കുന്ന പോലെയാണ് തോന്നുന്നത്. താഴെ വ്യത്യസ്തങ്ങളായ രണ്ടു ബിൽഡിങ്ങുകൾ. ആന്റണി ഗൗദിയുടെ കരവിരുതുകൾ. ഇതാണ് ഈ പാർക്കിന്റെ മെയിൻ അട്രാക്ഷൻ. ഇവിടെ നിന്നുള്ള കാഴ്ച!
വ്യത്യസ്‍തമായ രൂപകല്പനയോടു കൂടിയ ബിൽഡിങ്ങുകൾ. ഒരു ബിൽഡിങ്ങിനു മുകളിലായി നീലയും വെള്ളയും നിറത്തിൽ ഒരു സ്തൂപം. അതിനു മുകളിലായി ഒരു കുരിശു രൂപം.
ആളുകൾ സെല്ഫിയെടുക്കുന്ന തിരക്കിൽ തന്നെ. മറ്റുള്ളവർ ക്ഷമയോടെ അവരുടെ അവസരത്തിനായി കത്ത് നിൽക്കുന്നുണ്ട്. കുറച്ചു നേരം ആ വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിച്ചു ഞാനല്പ നേരം അവിടെ നിന്നു . ഗ്രൗണ്ടിന്റെ മറുഭാഗം കാണാൻ ഭംഗിയുണ്ട്. കുറച്ചു പനകൾ റോഡിൻറെ ഒരു വശത്തായി നിൽക്കുന്നു. അതിനു പിറകിലായി ഒരു കോട്ടഭിത്തിയെ തോന്നിപ്പിക്കുമാറ് കല്ലുകൾ പാകിയിരിക്കുന്നു. അതിനു മുകളയിൽ ആളുകൾ ഇരിക്കുന്നുണ്ട്. അതിനു പിറകെ തിങ്ങി നിറഞ്ഞു മരങ്ങൾ. നഗരത്തിന്റെ തിരക്കുകളൊക്കെ ഒഴിഞ്ഞു റിലാക്സ് ചെയ്യാൻ പറ്റിയ നല്ലൊരിടം. 17 ഏക്കറോളം നീണ്ടു നിൽക്കുന്ന ഒരു വലിയൊരു പാർക് തന്നെയാണിത്.
അവിടെ നിന്നും ഞാൻ താഴേക്കിറങ്ങാൻ തീരുമാനിച്ചു. താഴേക്ക് പോവാനായി ഗ്രൗണ്ടിനരികിലായി ഒരു വഴിയുണ്ട്. ഞാവിടെക്കു നടന്നു . അത് ചെന്നെത്തിയത് മറ്റൊരു അത്ഭുത നിർമ്മിതിയുടെ അടുത്താണ്.
ചെരിഞ്ഞു നിൽക്കുന്ന കൽതൂണുകൾ. അവയുടെ മുകൾ ഭാഗം കല്ലുകളാൽ തന്നെ കർവ് ചെയ്തിരിക്കുന്നു. അവ ചെന്ന് ചേരുന്നത് ഒരു ചെരിഞ്ഞ കൽഭിത്തിയിലേക്കും. ഏല്ലാം കല്ല് മയം. ആളുകൾ ചാഞ്ഞും ചെരിഞ്ഞും അവിടെ ഫോട്ടോ എടുക്കുന്നുണ്ട്. കല്ലുകളെ എങ്ങനെ ഈ രീതിയിൽ വിന്യസിച്ചിരുന്നു എന്നുള്ളത് അത്ഭുതമായി തോന്നുന്നു.
അവിടെ നിന്നും ഇറങ്ങി. ഇപ്പൊ ഞാനെത്തിച്ചേർന്നിരിക്കുന്നതു ഒരുപാടു തൂണുകൾ നിര നിരയായി അടുക്കപെട്ട ഒരു ഓപ്പൺ ഹാളിലാണ്. ഒരു കോളം ഹാൾ എന്നതിനെ വിളിക്കാം. അപ്പോഴാണ് മനസ്സിലായത് ഞാൻ നേരത്തെ ഗ്രൗണ്ട് എന്നു അഭിസംബോധന ചെയ്ത ഭാഗം ഈ തൂണുകളാൽ നിർത്തപ്പെട്ടിട്ടുള്ളതാണെന്നു. സീലിങ്ങിൽ ചില ചിത്രങ്ങൾ കാണുന്നുണ്ട്. ചുറ്റും ഒരുപാടൊരുപാട് തൂണുകൾ.
അടുത്ത സ്ഥലത്തേക്ക് പോവാൻ സമയമായി. പാർക്കിനു പുറത്തു കടക്കാമെന്നു കരുതി. വീണ്ടും താഴേക്കിറങ്ങി. അവിടെ ഓന്തിനെ പോലെ എന്തോ ഒരു രൂപം കൊത്തിവെച്ചിരിക്കുന്നു. ആളുകൾ അതിൻടോപ്പം നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ഞാൻ താഴെ നിന്നും മുകളിലേക്ക് നോക്കി. ഇപ്പോഴും ആളുകൾ ഞാൻ നേരത്തെ നിന്ന വ്യൂ പോന്റിൽ നിന്നും ഫോട്ടോ എടുക്കുന്നുണ്ട്. ഞാൻ കുറച്ചു നേരം കൂടി ആ സ്ഥലത്തെ ഭംഗി ആസ്വദിച്ചു കൊണ്ട് യുനെസ്കോയുടെ ആ പൈതൃക ഭൂമിയിൽ നിന്നും ഞാൻ അടുത്ത സ്ഥലത്തേക്ക് യാത്രയായി.
Comments
Post a Comment