ബാർസിലോണ എയർപോർട്ടിൽ നിന്നും ഇറങ്ങി. ഇനി താമസ സ്ഥലമായ വാൽകാർക്കയിലേക്കാണ് പോകേണ്ടത്. ഇവിടെ നിന്ന് ട്രെയിനിലാണ് അങ്ങോട്ട് യാത്ര.
ബാർസിലോണ എയർപോർട്ട് അത്ര തിരക്കുപിടിച്ച ഒരു എയർപോർട്ട് ആണെന്ന് തോന്നിയില്ല. ജോസെപ് ടെറാഡെല്ല ബാർസിലോണ- എൽ പ്രാറ്റ് എയർപോർട്ട് - ഇതാണ് ബാർസിലോണ എയർപോർട്ടിന്റെ ഔദ്യോഗിക നാമം. സ്പൈനിലേക്കു യാത്ര ചെയ്യുന്നതിന് മുൻപായി അവിടുത്തെ ഒരു പോർട്ടലിൽ നമ്മുടെ പേരും താമസിക്കാൻ പോകുന്ന സ്ഥലവും പിന്നെ കോവിഡ് വാക്‌സിനേഷൻ ഡീറ്റൈൽസും എല്ലാം ഫിൽ ചെയ്തിരിക്കണം. അത് നേരത്തെ ചെയ്തു വെച്ചിരുന്നു. എയർപോർട്ടിനുള്ളിൽ അതെല്ലാം ചെക്ക് ചെയ്യാനായി ആളുകളിരിപ്പുണ്ട് . അതിന്റെ ഫോര്മാലിറ്റിയെല്ലാം കഴിഞ്ഞു ട്രെയിൻ സ്റ്റേഷനിലെക്കുള്ള വഴി നോക്കി പോവുമ്പോഴാണ് ഒരു കൌണ്ടർ ശ്രദ്ധയിൽ പെട്ടത്. ടൂറിസ്റ്റു ട്രാവൽ പാസ് കൌണ്ടർ ആണത്. ബാർസിലോണ നഗരത്തിലേക്ക് വരുന്ന ടൂറിസ്റ്റുകൾക്ക് ഉപകാരപ്രദമായ ഒന്നാണ് ഈ ബാർസിലോണ ടൂറിസ്റ്റു പാസ് കാർഡ്.
പാസിന്റെ കാലാവധി അനുസരിച്ചു നമുക്ക് എത്ര പ്രാവിശ്യം വേണമെങ്കിലും നഗരത്തിലൂടെ ബസിലോ ട്രാമിലോ അല്ലെങ്കിൽ സബ്‌വേയിലോ നമുക്ക് യാത്ര ചെയ്യാം. 3 ദിവസ്സം വാലിഡിറ്റിയുള്ള ഒരു പാസെടുത്തു ട്രെയിൻ സ്റ്റേഷനിലേക്ക് നടന്നു.
ട്രെയിൻ സ്റ്റേഷൻ ടെർമിനൽ അണ്ടർഗ്രൗണ്ട് ആണ്. എയർപോർട്ടിൽ നിന്നും പുറത്തു കടക്കേണ്ട ആവിശ്യമില്ല. സ്റ്റേഷനിലെത്തി. ഇവിടെ നിന്ന് L9 എന്ന സബ്‌വേയിലാണ് കയറേണ്ടതു. സബ്‌വേയെ നമുക്ക് മണ്ണിനടിയിലൂടെ പോകുന്ന മെട്രോ ട്രെയിൻ എന്ന് വിളിക്കാം. സ്റ്റേഷനിൽ ട്രെയിൻ നിൽക്കേണ്ട ഭാഗം മുഴുവൻ ഗ്ലാസ് പോലെയുള്ള വസ്തു കൊണ്ട് കവർ ചെയ്തിട്ടുണ്ട്. അടുത്ത ട്രെയിനിന്റെ സമയം ഒരു ഡിസ്‌പ്ലേയിൽ കാണിക്കുന്നുണ്ട്. സമയത്തിനു തന്നെ ട്രെയിൻ എത്തിച്ചേർന്നു. ട്രെയിനിന്റെ ഡോറുകൾ ഓപ്പണായി. അതിനനുസരിച്ചു ഗ്ലാസ് കവറിങ്ങിലെ വാതിലുകളെല്ലാം ഓപ്പണായി. ഞാൻ ട്രെയിനിനുള്ളിലേക്കു കടന്നു. കുറച്ചു സെക്കന്ഡുകള്ക്കു ശേഷം ട്രെയിൻ വാതിലുകളടഞ്ഞു. പിന്നെ സ്റ്റേറ്റിനിലെ ഗ്ലാസ് വാതിലുകളും. അപ്പോഴാണ് ശ്രദ്ധിച്ചത്, ട്രെയിനിൽ ലോക്കോപൈലറ്റ് ഇല്ല!
ഡ്രൈവറില്ലാത്ത വണ്ടിയോ?
ഇതൊരു ഓട്ടോമാറ്റിക് ട്രെയിനാണെന്നു അപ്പോഴാണ് മനസ്സിലായത്. ട്രെയിൻ സ്പീഡ് കൂടി തുടങ്ങി.
വേഗതയിൽ, മണ്ണിനടിയിലൂടെ, ഡ്രൈവറില്ലാ ട്രെയിനിൽ ഞാൻ യാത്ര തുടങ്ങി.
ലോക്കോപൈലറ്റ് ഇല്ലാത്തതിനാലാവാം സ്റ്റേറ്റിനിൽ കണ്ട ഗ്ലാസിന്റെ ആവരണം എന്നൂഹിച്ചു.
ഇപ്പോൾ പോകുന്ന ട്രെയിൻ ഞങ്ങളുടെ താമസ സ്ഥലത്തേക്കുള്ളതല്ല. ഇടയ്ക്കു വെച്ച് മാറിക്കേറണം. കോൾബ്ലാങ്ക് എന്ന സ്റ്റേഷനിലിറങ്ങി അവിടെ നിന്ന് L5 പിടിക്കണം. ഞാൻ കോൾബ്ലാങ്കിലിറങ്ങി. എസ്കലേറ്റർ വഴി ഇനി മുകളിലേക്ക് പോകണം. അത് ഒന്നോ രണ്ടോ ആയിരുന്നില്ല. കുന്നുകളിൽ ഹെയർപിന്നുകളെ പോലെ 6 -7 എസ്കലേറ്ററുകൾ.
അപ്പോഴാണ് ഭൂമിക്കടിയിലൂടെ എത്ര താഴ്ചയിലാണ് ഈ ഡ്രൈവറില്ലാ ട്രൈനിൽ യാത്ര ചെയ്തത് എന്ന് ഊഹിക്കാനായത്.
കോൾബ്ലാങ്കിൽ നിന്നും L5 ഇൽ കയറി ഡയഗണൽ എന്ന സ്ഥലത്തേക്കും പിന്നെ അവിടെനിന്നു L3യിൽ വാൽകാർക്കയിലുമെത്തി.
വാൽകാർക്ക നഗരത്തിന്റെ ഒച്ചകളിൽ നിന്നെല്ലാം മാറി നിൽക്കുന്ന ഒരു പ്രദേശമായിരുന്നു. ഗൂഗിൾ മാപ്പിൽ നോക്കി താമസിക്കാനുള്ള സ്ഥലത്തേക്ക് ഒരു റോഡിൻറെ അരികിലൂടെ നടന്നു.
വല്ലപ്പോഴും കടന്നു പോകുന്ന വാഹനങ്ങൾ. റോഡിനു മുകളിലായി എൽഇഡി തോരണങ്ങൾ. അതിന്റെ ഭംഗിയും ആസ്വദിച്ചു ഇനി വീട്ടിലേക്കു.
വീട്ടിലെത്തി. 2 നിലയുള്ള ഒരു കെട്ടിടം. ഗേറ്റ് തുറന്നു ഉള്ളിലേക്ക് കടക്കണം. ഓട്ടോമാറ്റിക് ഗേറ്റ് ആണ്. ഗേറ്റിനോട് ചേർന്ന് ഒരു ബോക്സുണ്ട്. അത് ഓപ്പൺ ചെയ്തു. അതൊരു ഇലക്ട്രോണിക് ലോക്ക് ആണ്. അതിന്റെ പാസ് കീ അമർത്തി ഗേറ്റ് തുറക്കണം. പാസ് കീ നേരത്തെ തന്നെ ഓണർ അയച്ചു തന്നിരുന്നു. ഗേറ്റ് തുറന്നു അകത്തു കടന്നു. ഇനി റൂം കീ കിട്ടണം. അതിനു വേറൊരു ബോക്സ്. അതിന്റെ സീക്രട്ട് കീയും അമർത്തി കീ കളക്ട് ചെയ്തു റൂം തുറന്നു. ഇനി അല്പം വിശ്രമം.
കുറച്ചു സമയം വിശ്രമിച്ച ശേഷം അടുത്തുള്ള റെസ്റ്റോറെന്റുകൾ ഗൂഗിളിൽ തിരയാൻ തുടങ്ങി. അപ്പൊ ഒരു വീഗൻ റെസ്റ്റോറന്റ് ശ്രദ്ധയിൽ പെട്ടു. കാറ്റലൂണ്യ എന്ന സ്ഥലത്താണാ റെസ്റ്റോറന്റ്. വൽക്കർകയിൽ നിന്ന് L3 യിൽ തന്നെ അവിടെ പോവാം. ടൂറിസ്റ്റു പാസും കയ്യിലെടുത്തു റെസ്റ്റോറെന്റിലേക്കായി വീട്ടിൽ നിന്നും ഇറങ്ങി.
കാറ്റലൂണ്യ അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച!!
ഹൊ!
കണ്ണഞ്ചുന്ന മനോഹാരിത എന്നെ പറയാനാവൂ.
ബാഴ്സിലോണയായിലെ അറിയപ്പെടുന്ന ഒരു ഷോപ്പിംഗ് ഏരിയ ആണ് കാറ്റലൂണ്യ . വിശ്വപ്രശസ്തങ്ങളായ ബ്രാൻഡുകളോരോന്നും അവിടെ കാണാം. ലാ റാംബല എന്ന പ്രശസ്തമായ ഷോപ്പിംഗ് സ്ട്രീറ്റ് ആരംഭിക്കുന്നതും കാറ്റലൂണ്യയിൽ നിന്നാണ്. നമ്മുടെ തൃശൂർ റൗണ്ട് പോലെ കുറച്ചു സ്ഥലം; അതിനെ ചുറ്റി വൃത്തമെന്നോ നീണ്ട ചതുരമെന്നോ പറയാവുന്ന ഒരു റോഡ്. അതിലേക്കു മറ്റു റോഡുകൾ വന്നു ചേരുന്നു.
ഓരോ റോഡും ഓരോ ഷോപ്പിംഗ് സ്ട്രീറ്റ് ആണ്. ഓരോ റോഡിലും എൽഇഡി തോരണങ്ങൾ. അവ പല പല ഡിസൈനുകളിലായി ഓരോ റോഡിനെയും അലങ്കരിച്ചിരിക്കുന്നു.
ബാർസിലോണ ഒരു പാർട്ടി പ്ലേസ് ആണെന്ന് പറയുന്നത് വെറുതെയല്ല. ഇവിടുത്തെ ജനങ്ങളുടെ ആഘോഷ തല്പരത; അത് അത്ര മാത്രമാണ്. ആദ്യം വിശപ്പ് തീർത്തു ഒന്ന് ചുറ്റിക്കറങ്ങാം എന്ന് കരുതി.
നേരെ വീഗൻ റെസ്റ്റോറെന്റിലേക്കു നടന്നു. നേരത്തെ തന്നെ അവിടെ ടേബിൾ ബുക്ക് ചെയ്തിരുന്നു.
കോവിഡ് വാക്‌സിൻ ഡീറ്റെയിൽസ് വെരിഫയ് ചെയ്തു വെയ്റ്റർ അകത്തേക്ക് ക്ഷണിച്ചു. ഒരു വെയ്റ്റർ വഴികാട്ടിയായി മുൻപേ നടന്നു. കയറിച്ചെന്നു ഭാഗത്തെ ടേബിളുകളെല്ല്ലാം ഫിൽ ആയിരുന്നു. കിച്ചണിലേക്കു പോവുന്ന വഴിയിലാണിപ്പോൾ. കിച്ചൻ ഡോറിനടുത്തെത്തിയപ്പോൾ വലത്തോട്ടു ഒരു വഴി കണ്ടു. അത് നേരെ ഒരു ഹാളിലാണ് ചെന്നവസാനിച്ചതു. വെയ്റ്റർ ഒരു വട്ടമേശയെ കാണിച്ചു ഇതാണ് നിങ്ങൾക്കുള്ള സ്ഥലം എന്ന് പറഞ്ഞു.
ഇഷ്ടിക കൊണ്ട് നിർമിച്ച ഹാളും മരത്തിന്റെ ഒരു ടേബിളും അതിനടുത്തായി ജാക്കറ്റും മറ്റും തൂക്കിയിടാനായി ഒരു ഹാങ്ങറും. ടേബിളിനു നടുവിലായി ഒരു തടിച്ച മെഴുകിതിരിയുമുണ്ട്.
മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന പാലോ മാംസമോ അങ്ങനെ ഒന്നും ഉപയോഗിക്കാതെ സസ്യങ്ങളിൽ നിന്ന് മാത്രം കിട്ടുന്ന വസ്തുക്കൾ കൊണ്ട് ഭക്ഷണം ഉണ്ടാക്കുന്ന രീതിയാണ് വീഗൻ. സ്ഫഗറ്റി , വീഗൻ ചിക്കൻ പിന്നെ പേര് കണ്ടുള്ള എക്‌സൈറ്റമെന്റിൽ മാത്രം വാങ്ങിയ ചില വിഭവങ്ങൾ കൂടെ മോളോകൈ സ്മൂത്തിയും പിന്നെ കുറച്ചു ഡെസേർട്ടുകളും. ഭക്ഷണം കഴിച്ചു കഴിഞ്ഞു റസ്റ്റ്റെന്റിൽ നിന്നുമിറങ്ങി.
ഇനി അല്പം പുറം കാഴ്ചകൾ കണ്ടു വീട്ടിലേക്കു മടങ്ങണം.
Comments
Post a Comment