2021 ലെ അവസാന ട്രിപ്പ്. അതായിരുന്നു ലുഫ്താൻസ LH1132 ഫ്‌ളൈറ്റിൽ കയറുമ്പോൾ മനസ്സിലുണ്ടായിരുന്നത്. ക്രിസ്മസ് സമയമാണ്. 2 ഡിഗ്രി താപനിലയുള്ള കാലാവസ്ഥയാണ്. വിന്റർ കോട്ടും ബീനി ഹാറ്റും ഗ്ലൗസും മാസ്കും എല്ലാം ധരിച്ചാണ് എയർപോർട്ടിൽ നിൽക്കുന്നത്. ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്‍തത് കൊണ്ട് എയർപോർട്ടിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീനിൽ നിന്നും ടിക്കറ്റ് പ്രിന്റെടുത്തു.
ശ്ശെടാ.. 19B. മിഡിൽ സീറ്റ്.
വിന്ഡോ സീറ്റ് കിട്ടിയില്ലലോ എന്ന നിരാശയിൽ ഞാനെന്റെ സീറ്റിലേക്ക് നടന്നു. ഇനി 2 മണിക്കൂർ വിമാന യാത്ര. കാറ്റാലന്മാരുടെ നാട്ടിലേക്കു; ബാർസിലോണ നഗരത്തിലേക്ക് !!!
ടേക്ക് ഓഫ് സുഖകരമായിരുന്നു. എന്റെ ഇടതും വലതുമായി യൂറോപ്യൻമാർ ആയിരുന്നു. ഫ്ലൈറ്റിൽ എല്ലാവരും മാസ്ക് ധരിക്കുന്നതു കൊണ്ട് കണ്ണുകളല്ലാതെ ആരുടേയും മുഖം വ്യക്തമല്ല. വിമാനം ഉയർന്നു പൊങ്ങി മേഘപടലങ്ങൾക്കു മുകളിലൂടെ പറക്കാൻ തുടങ്ങി.
വിമാനത്തിൽ നിന്നുള്ള മേഘങ്ങളുടെ കാഴ്ച! അത് വല്ലാത്തൊരു അനുഭവം തന്നെ. ഭൂമിയിൽ നിന്ന് നിശ്ചിത ഉയരത്തിൽ പൊങ്ങിക്കിടക്കുന്ന തൂവെള്ള നിറത്തിലുള്ള പഞ്ഞിക്കെട്ടുകൾ. അതിനു മുകളിലൂടെ നമ്മൾ സാവധാനം നീങ്ങുന്നു എന്നെ തോന്നു. ചുറ്റും മേഘപടലങ്ങൾ അല്ലാതെ താഴെ വേറൊന്നും കാണാനാവുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യനെ കണ്ടിട്ട്. എന്നും മേഘം മൂടിയ ആകാശമായിരുന്നു. ഇപ്പോഴാണ്, ദിവസങ്ങൾക്കു ശേഷം, മേഘങ്ങൾക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോൾ സൂര്യനെ കാണാനാവുന്നത്. മിഡിൽ സീറ്റിൽ ആയതു കൊണ്ട്, വിൻഡോയിലൂടെ അധികം കാഴ്ചകൾ കാണാൻ പറ്റുന്നില്ല. അതുകൊണ്ടു അല്പം മയങ്ങാം എന്ന് കരുതി.
കണ്ണടച്ച് കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും ചെറിയൊരു ശബ്ദം കേട്ടു. ഫ്ലൈറ്റിലെ ക്യാബിൻ ക്രൂ ആളുകൾക്ക് എന്തോ നൽകുകയാണ്. ഒരു ട്രേ പോലെ എന്തോ ആണ് അവരുടെ കയ്യിൽ. അവർ അടുത്ത് വന്നു.
ട്രേ മുഴുവൻ ചോക്ലേറ്റുകൾ !!
ചോക്ലേറ്റുമായി വന്നതാണവർ. സാധാരണ ലോങ്ങ് ട്രിപ്പുകളിലാണ് ഫ്ലൈറ്റിൽ ഫുൾ മീൽ കൊടുക്കുന്നത് കണ്ടിട്ടുള്ളത്. ചെറിയ ട്രിപ്പുകളാവുമ്പോൾ എന്തെങ്കിലും ഒരു സ്നാക്ക്സ് ആയിരിക്കും കിട്ടുക. അല്ലെങ്കിൽ പൈഡ് സർവീസ് ഉപയോഗിച്ച് ഫുഡ് അല്ലെങ്കിൽ ഡ്രിങ്ക്സ് ഓർഡർ ചെയ്യാവുന്നതാണ്.
ലുഫ്താൻസയുടെ എംമ്പളമുള്ള മഞ്ഞ കവറിൽ പൊതിഞ്ഞ ചോക്ലേറ്റുകൾ. ഞാനൊരെണ്ണം എടുത്തു അവരോടു നന്ദി പറഞ്ഞു. ചതുരാകൃതിയിലുള്ള ഒരു ചോക്ലേറ്റ് കട്ടി. ചോക്ലേറ്റിൽ ലുഫ്താൻസയുടെ എംബ്ലം പതിച്ചിരിക്കുന്നു. മിൽക്ക് ചോക്ലേറ്റ് ആയിരുന്നു. വളരെ ടേസ്റ്റി... ലിൻഡ് ചോക്ലേറ്റ്സ് കഴിക്കുമ്പോൾ കിട്ടുന്ന ആനന്ദം പോലെ !
അപ്പോഴാണ് വിൻഡോയിലൂടെ പുറത്തേക്കു നോക്കിയത്. സൂര്യാസ്തമയമായിരിക്കുന്നു.
മനോഹരം.!!
അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റു മേഘങ്ങളെല്ലാം ചുവന്നു തുടുത്തിരുന്നു. ആരോ ചുവപ്പും ഓറഞ്ചും നിറത്തിലുള്ള ചായങ്ങൾ മേഘങ്ങളിലേക്കു ഒഴുക്കിയ പോലെ. അവ വെട്ടിത്തിളങ്ങുന്നു. ഒരു വേള, മേഘങ്ങളെല്ലാം കത്തുന്ന പോലെ അനുഭവപ്പെട്ടു. സൂര്യ രശ്മികൾ മേഘങ്ങളിൽ തട്ടി പ്രതിഫലിക്കുമ്പോഴ്ഗുണ്ടാകുന്ന വർണ രാജികൾ. ഇത്രയും സുന്ദരമായ കാഴ്ച ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാൻ പറ്റിയില്ലലോ എന്നോർത്ത് അത്ഭുതപെട്ടു.
സാധാരണ സൂര്യാസ്തമയ ഭംഗി കാണാൻ കടലോരത്തു പോകണം എന്നല്ലേ പറയാറ്. പക്ഷെ അതിനേക്കാളേറെ എനിക്കിഷ്ടം ആകാശത്തു നിന്നുള്ള സൂര്യാസ്തമയ ദർശനമാണ്.
മെല്ലെ മെല്ലെ ഇരുട്ട് പടരുകയാണെങ്കിലും ഈ കാഴ്‌ച പെട്ടന്ന് മാഞ്ഞു പോകല്ലേന്ന് മനസ്സ് കൊതിച്ചു.
യാത്രകളുടെ വശ്യത അതാണ്. അപ്രതീക്ഷിതമായിട്ടാവും ചില കാഴ്ചകൾ നമുക്ക് മുൻപിൽ അനാവൃതമാവുന്നതു.
ആകാശത്തു ഇരുട്ട് പരന്നു തുടങ്ങി. അസ്തമയ സൂര്യന്റെ അവസാന രശ്മിയും മാഞ്ഞു തുടങ്ങിയിരിക്കുന്നു. ഫ്ലൈറ്റ് അൽപ സമയത്തിനുള്ളിൽ ലാൻഡ് ചെയ്യുമെന്നുള്ള അറിയിപ്പ് വന്നു. ഇപ്പൊ മേഘപടലങ്ങൾ അധികമില്ല. താഴെ നല്ല ഇരുട്ട്. താഴെ അങ്ങിങ്ങായി ചില ദീപങ്ങൾ പോലെ! മെഡിറ്ററേനിയൻ കടലിനു മുകളിലൂടെയാണ് ഇപ്പൊ യാത്ര.
വിമാനം താഴ്ന്നു പറന്നു തുടങ്ങി.
ദീപാലംകൃതമായ കപ്പലുകൾ!
ഒരുഭാഗത്തു ശാന്തമായ മെഡിറ്ററേനിയൻ കടൽ; അതിന്റെ ചാരത്തു രാത്രിയെ പുല്കിത്തുടങ്ങിയ ബാർസിലോണ നഗരം. ഫ്ലൈറ്റ് സുഖകരമായി തന്നെ ലാൻഡ് ചെയ്തു.
ബാർസിലോണ...!
ഞാനിതാ നിന്നെ തേടി വന്നിരിക്കുന്നു.
നയനാന്ദകരമായ കാഴ്ചകളാൽ എന്നെ സന്തോഷിപ്പിച്ചാലും!!
Comments
Post a Comment